Translate

Thursday, March 20, 2014

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ'സ്മാരകശിലക'ളുടെ തെലുങ്ക് വിവര്‍ത്തനത്തിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ വിവര്‍ത്തന പുരസ്‌കാരം.

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ശ്രേഷ്ഠനോവല്‍ 'സ്മാരകശിലക'ളുടെ തെലുങ്ക് വിവര്‍ത്തനത്തിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ വിവര്‍ത്തന പുരസ്‌കാരം. ഇതടക്കം 23 ഭാഷകളിലെ പരിഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ ഉള്ളൂര്‍ എം പരമേശ്വരനാണ് പുരസ്‌കാരം.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയ സ്മാരകശിലകള്‍ സ്മാരക ശിലലു എന്ന പേരില്‍ തെലുങ്കിലേക്ക് വിവര്‍ത്തനം ചെയ്തത് പ്രമുഖ തെലുങ്ക് സാഹിത്യകാരനും വിവര്‍ത്തകനുമായ നലിമേല ഭാസ്‌കറാണ്. മലയാളത്തില്‍ നിന്ന് ഇരുപതോളം പ്രശസ്ത കൃതികള്‍ തെലുങ്കിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള നലിമേല ഭാസ്‌കര്‍ തെലുങ്ക് കവിതകള്‍ തമിഴിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. തെലുങ്ക് നിഘണ്ടുവായ തെലുഗാന പദകോശത്തിന്റെ സ്രഷ്ടാവായ അദ്ദേഹം ആള്‍ ഇന്ത്യാ തെലുഗാന റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രസിഡന്റ് കൂടിയാണ്.
മാണിക്യവാചകരുടെ തിരുവാചകം തമിഴില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിനാണ് ഉള്ളൂര്‍ എം പരമേശ്വരന് പുരസ്‌കാരം ലഭിച്ചത്. മഹാകവി ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ മകന്‍ ഉള്ളൂര്‍ പി മഹാദേവന്റെ മകനാണ് ഉള്ളൂര്‍ എം പരമേശ്വരന്‍.
ഡോ. എ.പി.ജെ അബ്ദുള്‍കലാമിന്റെ വിംഗ്‌സ് ഓഫ് ഫയറിന്റെ പരിഭാഷയ്ക്കാണ് മണിപ്പൂരി ഭാഷയില്‍ വിവര്‍ത്തന പുരസ്‌കാരം. ഖംബി മെയ്ഗി മഷാഷിങ് എന്ന പേരില്‍ ഇബോച്ചാ സൊയ്ബാം ആണ് വിവര്‍ത്തനം നിര്‍വ്വഹിച്ചത്.
പുത്തൻ അറിവുകൾക്കായി സന്ദർശിക്കുക:  EDUCATION ബ്ലോഗ് 

No comments:

Post a Comment