സിദ്ധാര്‍ഥ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള പുരസ്‌കാരം ബി. മുരളിയുടെ പഞ്ചമി ബാറിന്. മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്‌കാരം ഡോ. കെ.ശ്രീകുമാറിന്റെ സോവിയറ്റു നാട്ടിലെ ബാലകഥകളും നാടോടിക്കഥകളും എന്ന പുസ്തകത്തിനാണ്. 10111 രൂപ വീതമാണ് അവാര്‍ഡ് തുക.
ജീവിതത്തില്‍ നിന്ന് പകര്‍ത്തുകയല്ല, ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നവയെ എഴുതുകയാണ് പഞ്ചമി ബാറില്‍ ബി മുരളി ചെയ്തത്. അസുഖകരമായ കാര്യങ്ങളെ കഥയിലേയ്ക്ക് കൊണ്ടുവരുന്ന അദ്ദേഹത്തിന്റെ കരവിരുതാണ് ഈ കഥകളെ ശ്രദ്ധേയമാക്കിയത്. പഞ്ചമി ബാര്‍, ഗുണ്ടുകാട്, മാലാഖക്കാവല്‍, പാളയംചന്തയില്‍ മുട്ട വാങ്ങാന്‍ പോയ രണ്ടു പിടക്കോഴികളുടെ കഥ, പ്ലേറ്റിലെ സ്രാവ് തുടങ്ങി12 കഥകളുടെയും ഏതാനും പൊടിക്കഥകളുടെയും സമാഹാരമാണ് പഞ്ചമി ബാര്‍. കെ.ബി ശെല്‍വകുമാര്‍, ഡോ. ഏം.എ സിദ്ദിഖ് എന്നിവര്‍ നടത്തിയ പഠനവും സമാഹാരത്തിലുണ്ട്.
ഉമ്പര്‍ട്ടോ എക്കോ, പൂമുടിക്കെട്ടഴിഞ്ഞതും പുഷ്പജാലം കൊഴിഞ്ഞതും, കോടതിവരാന്തയിലെ കാഫ്ക, ചെന്തീപോലൊരു മാലാഖ. കാമുകി തുടങ്ങി നിരവധി കഥാസമാഹാരങ്ങളും ആളകമ്പടി, നിന്റെ ചോരയിലെ വീഞ്ഞ് തുടങ്ങിയ നോവലുകളും ആണ് മുരളിയുടെ ശ്രദ്ധേയ കൃതികള്‍. അദ്ദേഹത്തിന്റെ 100 കഥകള്‍ ഉള്‍പ്പെടുത്തി 100 കഥകള്‍ എന്ന സമാഹാരവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ശ്രദ്ധേയകൃതികള്‍ മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തിട്ടുള്ള മുരളി മലയാളമനോരമയില്‍ പത്രപ്രവര്‍ത്തകനുമാണ്. കഥയ്ക്കും ബാലസാഹിത്യത്തിനും എസ്.ബി.ടി സാഹിത്യപുരസ്‌കാരം, സംസ്‌കൃതി പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, അങ്കണം അവാര്‍ഡ് തുടങ്ങി അനവധി പുരസ്‌കാരങ്ങള്‍ മുരളിയ്ക്ക് ലഭിച്ചിട്ടുണ്ട്.
മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായ കെ ശ്രീകുമാര്‍ നിരവധി ബാലസാഹിത്യ കൃതികളുടെ കര്‍ത്താവാണ്.ഉണ്ണിക്കഥ, കുചേലന്‍, മുല്ലപ്പൂവ്, കണ്ണൂര്‍ തുടങ്ങിയവയാണ് ചില ശ്രദ്ധേയ രചനകള്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഭീമ ബാല സാഹിത്യ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, എസ്.ബി.റ്റി. സാഹിത്യ പുരസ്‌കാരം എന്നിവയും മലയാള സംഗീത നാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റും ലഭിച്ചു.
പുത്തൻ അറിവുകൾക്കായി സന്ദർശിക്കുക: EDUCATION ബ്ലോഗ്
പുത്തൻ അറിവുകൾക്കായി സന്ദർശിക്കുക: EDUCATION ബ്ലോഗ്
No comments:
Post a Comment