മലയാളഭാഷയ്ക്ക് ഒരു സ്വതന്ത്രഭാഷഎന്ന നിലയിൽ 2300ഓളം വർഷങ്ങളുടെ പഴക്കം അനുമാനിക്കപ്പെടുന്നു. ബി.സി 300ലെ അശോകന്റെ രണ്ടാം ശിലാശാസനത്തിൽ കേരളം എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. മലയാളത്തിന്റെ പഴക്കം തെളിയിക്കുന്നതിൽ സുപ്രധാനമാണ് തമിഴ്നാട്ടിലെ തേനി ജില്ലയിലെ പുളിമാങ്കൊമ്പിൽ നിന്നു ലഭിച്ച ബിസി രണ്ടാം നൂറ്റാണ്ടിലെ വീരക്കൽ ലിഖിതം. ഈ ലിഖിതത്തിലെ "കുടല്ലൂർ ആ കോൾ പെടു തീയൻ അന്തവൻ കൽ" എന്ന വാക്യത്തിലെ പെടു ധാതു മലയാളമാണ്. നശിച്ചുവീഴുക, മരണപ്പെടുക തുടങ്ങിയ അർഥങ്ങൾ പെടു എന്ന ധാതുമലയാളത്തിനുണ്ട്. കൂടല്ലൂരിലെ കന്നുകാലി കവർച്ചാശ്രമത്തിൽ മരിച്ചുവീണ തീയൻ അന്തവന്റെ സ്മാരകമായിട്ടുള്ള വീരക്കൽ എന്നാണ് ഈ വാചകത്തിന്റെ അർഥം. 2,100 വർഷം പഴക്കമുള്ള വീരക്കൽ ലിഖിതത്തിൽ മലയാളത്തിന്റേതു മാത്രമായ വ്യാകരണ സവിശേഷതകൾ കാണാം.
ഇടയ്ക്കൽ ഗുഹകളിൽനിന്ന് കിട്ടിയ 2-5 നൂറ്റാണ്ടിലെ ഏഴ് ലിഖിതങ്ങളിൽ നാലെണ്ണം, പട്ടണം ഉദ്ഖനനത്തിൽ കണ്ടെത്തിയ രണ്ടാം നൂറ്റാണ്ടിലെ അവശിഷ്ടങ്ങൾ, നിലമ്പൂരിൽ കണ്ടെത്തിയ അഞ്ചാം നൂറ്റാണ്ടിലെ ലിഖിതം എന്നിവയിൽ മലയാളം വാക്കുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പലവാക്കുകളും നിലവിൽ മലയാളത്തിൽ ഉപയോഗിക്കുന്നതും എന്നാൽ തമിഴിൽ പ്രയോഗത്തിലില്ലാത്തതുമാണ്. തമിഴ് ശൈലിയായ "എൈ" കാരത്തിന് പകരം മലയാളം ശൈലിയായ "അ" കാരമാണ് വാക്കുകളിലുള്ളത്. ഇടയ്‌ക്കൽ ഗുഹകളിലുള്ള ശിലാലിഖിതങ്ങൾ മലയാളത്തിന്റെ ആദ്യമാതൃകകളാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വടക്കൻ പരവൂരിനടുത്തുള്ള പട്ടണത്തിൽ നിന്നു ലഭിച്ച ലിഖിതങ്ങൾ മലയാളത്തിന്റെ പഴമ തെളിയിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. ഖനനത്തിലൂടെ ലഭിച്ച പ്രാചീന വസ്തുക്കളിൽ ദ്രാവിഡ-ബ്രാഹ്മി ലിപിയിൽ എഴുതിയ രണ്ട് ഓട്ടക്കലക്കഷണങ്ങളുണ്ട്. ഇതിൽ ഊർപാവ ഓ..... എന്നും ചാത്തൻ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവിനുശേഷം അഞ്ചാം നൂറ്റാണ്ടിലെ നിലമ്പൂര് ശിലാരേഖയിലും മലയാളഭാഷയും വ്യാകരണപ്രത്യേകതകളും കാണാം.
സംഘകാലകൃതികളടക്കം ഏട്ടാം നൂറ്റാണ്ട് വരെയുള്ള ദ്രാവിഡസാഹിത്യം മലയാളത്തിനു കൂടി അവകാശപ്പെട്ട പൊതുസ്വത്താണ്. സംഘകാലകൃതികളിൽ പ്രധാനപ്പെട്ടവ പലതും കേരളത്തിലുണ്ടായതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അമ്പതോളം സംഘകാല എഴുത്തുകാർ കേരളീയരായിരുന്നുവത്രെ. ഇപ്പോഴും പ്രയോഗത്തിലുള്ള 150ലധികം മലയാളം വാക്കുകൾ സംഘകാല കൃതികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ തമിഴർക്കോ, ഇന്നത്തെ മലയാളികൾക്കോ സംഘസാഹിത്യഭാഷ പ്രത്യേക പരിശീലനം കൂടാതെ മനസ്സിലാവില്ല എന്നും അതുകൊണ്ട് ആഭാഷ തമിഴോ മലയാളമോ അല്ല എന്നും മൂലദ്രാവിഡഭാഷയാണെന്നും കണക്കാക്കപ്പെടുന്നു.
സംഘസാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്ന തുറമുഖ നഗരങ്ങൾ (മുചിരിതൊണ്ടി, ഏഴിമല, വിഴിഞ്ഞം), നാടുവാഴികൾ (ചേരന്മാർ, ഏഴിമലയിലെ മൂവൻമാർ, വിഴിഞ്ഞത്തെ ആയന്മാര്), കവികൾ, സംഭവങ്ങൾ എന്നിവയുടെ നല്ലൊരു ഭാഗം ഇന്നത്തെ കേരള പ്രദേശത്തു നിന്നാണ്. മൂലദ്രാവിഡഭാഷയിൽ എഴുതപ്പെട്ടതാണ് സംഘം കൃതികളെന്നും ഈ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് തമിഴും മലയാളവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറ്റവും പഴക്കമുള്ള ദ്രാവിഡ വ്യാകരണഗ്രന്ഥമായ തൊൽക്കാപ്പിയത്തിലെ 40 ശതമാനം നിയമങ്ങളും മലയാളത്തിനു മാത്രമേ യോജിക്കുന്നുള്ളൂ. പതിറ്റുപത്ത്, ഐങ്കൂറ് നൂറ്, അകനാനൂറ്, പുറനാനൂറ് എന്നീ കൃതികളിലൊക്കെ കാണുന്ന മലനാട്ടുഭാഷയിൽ തമിഴിനവകാശപ്പെടാൻ കഴിയാത്ത ഒരുപാടു മലയാളവ്യാകരണ-ഭാഷാപ്രയോഗങ്ങളുണ്ട്.
സംഘസാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്ന തുറമുഖ നഗരങ്ങൾ (മുചിരിതൊണ്ടി, ഏഴിമല, വിഴിഞ്ഞം), നാടുവാഴികൾ (ചേരന്മാർ, ഏഴിമലയിലെ മൂവൻമാർ, വിഴിഞ്ഞത്തെ ആയന്മാര്), കവികൾ, സംഭവങ്ങൾ എന്നിവയുടെ നല്ലൊരു ഭാഗം ഇന്നത്തെ കേരള പ്രദേശത്തു നിന്നാണ്. മൂലദ്രാവിഡഭാഷയിൽ എഴുതപ്പെട്ടതാണ് സംഘം കൃതികളെന്നും ഈ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് തമിഴും മലയാളവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറ്റവും പഴക്കമുള്ള ദ്രാവിഡ വ്യാകരണഗ്രന്ഥമായ തൊൽക്കാപ്പിയത്തിലെ 40 ശതമാനം നിയമങ്ങളും മലയാളത്തിനു മാത്രമേ യോജിക്കുന്നുള്ളൂ. പതിറ്റുപത്ത്, ഐങ്കൂറ് നൂറ്, അകനാനൂറ്, പുറനാനൂറ് എന്നീ കൃതികളിലൊക്കെ കാണുന്ന മലനാട്ടുഭാഷയിൽ തമിഴിനവകാശപ്പെടാൻ കഴിയാത്ത ഒരുപാടു മലയാളവ്യാകരണ-ഭാഷാപ്രയോഗങ്ങളുണ്ട്.
കൂത്ത്, കൂടിയാട്ടം എന്നിവയ്ക്കായി ഒമ്പതാം നൂറ്റാണ്ടിൽതന്നെ ആട്ടക്കഥകളും ക്രമദീപികയും രചിച്ചിട്ടുണ്ട്. അർഥശാസ്ത്രം, ഭഗവദ്ഗീത എന്നിവയ്ക്ക് ഭാരതത്തിൽ ആദ്യം വിവർത്തനമുണ്ടായത് മലയാളത്തിലാണ്. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയതത്ത്വശാസ്ത്രകൃതിയാണ് 'അർഥശാസ്ത്രം'. പത്താം നൂറ്റാണ്ടിൽ ഈ കൃതിയുടെ പരിഭാഷ മലയാളത്തിലുണ്ടായി. മലയാളകൃതികളായ രാമചരിതവും ഭാഷാകൗടീലിയവും പതിനൊന്നാം നൂറ്റാണ്ടിനു മുൻപ് എഴുതപ്പെട്ടവയാണ്.
ഭാഷകളിൽ തമിഴിനുള്ളതുപോലെ പഴക്കം മലയാളത്തിനുമുണ്ട്. മലയാളത്തിലും കന്നടത്തിലും തെലുഗുവിലും ഉള്ള ആ, ഈ എന്ന സ്വരദീർഘമുള്ള ചുട്ടെഴുത്തു് തമിഴിൽ ഇല്ല. തൊൽകാപ്പിയം പറയുന്നതു് ആ എന്നതു് കാവ്യഭാഷയിൽ മാത്രമുള്ളതാണെന്നാണു്. അതായതു് കാവ്യഭാഷയിൽ തങ്ങിനില്ക്കുന്ന പഴമയായിരുന്നു പഴന്തമിഴ് വ്യാകരണത്തിന്റെ കാലത്തുപോലും അതു് എന്നർത്ഥം. ആ വീടു്, ഈ മരം ഇവയൊക്കെയാണു് പഴയതു്; അന്ത വീടും ഇന്ത മരവും അല്ല. മലയാളം ഈ വിഷയത്തിൽ പഴന്തമിഴിനേക്കാൾ പഴമ പ്രദർശിപ്പിക്കുന്നു. ആദിദ്രാവിഡത്തിൽ നിലനിന്ന തായ്-മാർ എന്ന തരം ബഹുവചനപ്രത്യയരൂപം തമിഴിൽ ഇല്ലാതായി. എന്നാൽ മലയാളത്തിലെ മിടുക്കന്മാരും ചേച്ചിമാരും ആ പാരമ്പര്യത്തിന്റെ തുടർച്ചയാണു്. പഴന്തമിഴിൽ പ്രയോഗിച്ചിരുന്ന പല ആദത്തപദങ്ങളും ഇന്നും മലയാളത്തിലുണ്ടു്, തമിഴിൽ ഇല്ല. ആശാൻ (ആചാര്യ), അങ്ങാടി (സംഘാടി - വഴികൾ ചേരുന്ന സ്ഥലം), പീടിക (പീഠിക) മുതലായവ ഉദാഹരണങ്ങളാണ്. മലയാളത്തിലെ മുതുക്കൻ, കുറുക്കൻ എന്നിവയിലെ ക്കൻ തമിഴിൽ ഇല്ല. പക്ഷേ മറ്റുദ്രാവിഡഭാഷകളിലുണ്ടു്. അതുകൊണ്ടു് ഈ പദങ്ങളിലെ പ്രത്യയത്തിനു് പഴക്കമുണ്ടു്. പനിയത്തു് (മഞ്ഞിൽ), വളിയത്ത് (കാറ്റിൽ) എന്നൊക്കെ ആദിദ്രാവിഡത്തിൽ ഉണ്ടായിരുന്നുവെന്നു് തൊൽകാപ്പിയം സാക്ഷ്യപ്പെടുത്തുന്നു. അത്തരം അധികരണരൂപങ്ങൾ എന്നേ തമിഴിൽ നിന്ന് പൊയ്പ്പോയ്. മലയാളത്തിൽ ആ പഴമ ഇന്നും സജീവമാണു്. ഇരുട്ടത്തു്, നിലാവത്തു്, കാറ്റത്തു്, വയറ്റത്തു്, കവിളത്തു്, വെയിലത്തു് തുടങ്ങിയവ ഉദാഹരണങ്ങൾ. കുഴന്തൈ തമിഴർക്കു് കൊളന്തെ എന്നു മാറിയരൂപത്തിൽ അറിയാമെങ്കിലും കുഴവി തമിഴിൽ ഇല്ല. മലയാളികൾക്ക് (പ്രാദേശികമായെങ്കിലും) അമ്മിക്കുട്ടി, അമ്മിപ്പിള്ള ഇവയെ്ക്കാപ്പം അമ്മിക്കുഴവി അറിയാം.
ആദിദ്രാവിഡത്തിൽ ഉണ്ടായിരുന്ന പല സൂക്ഷ്മാർത്ഥഭേദങ്ങളും അവയുടെ വ്യാകരണരൂപസവിശേഷതകളോടെ മലയാളത്തിലുണ്ടു്. തമിഴിൽ എന്നേ അതൊക്കെ പൊയ്‌പ്പോയി. അതിൽ സർവ്വസാധാരണമായ ഒന്നാണു് തരു -കൊടു വ്യാവർത്തനം. എനിക്കും നിനക്കും തരുമ്പോൾ അവൾക്കു് കൊടുക്കും.
- ഉത്തമ-മദ്ധ്യപുരുഷന്മാരെ ഉദ്ദേശിച്ചുള്ള ദാനം തരൽ,
- പ്രഥമപുരുഷനെ ഉദ്ദേശിച്ചുള്ളതു് കൊടുക്കൽ..
എനിക്കു് കൊടുക്കു് എന്നതു് അനൗപചാരികവും ഹാസ്യാത്മകവും പ്രാദേശികവുമായി ഉപയോഗിച്ചേക്കാം. എന്നാൽ നിനക്കു് കൊടുക്കൽ അത്യന്തവിരളം. ഈ നിയന്ത്രണം അനുപ്രയോഗമാകുമ്പോഴും നിർബന്ധമാണു്. അയാൾ നിനക്കു് വളരെ ഉപകാരങ്ങൾ ചെയ്തുതന്നിട്ടില്ലേ? ഞാൻ കുഞ്ഞുണ്ണിക്കു് പാട്ടു് പഠിപ്പിച്ചുകൊടുത്തു. നിനക്കു് ഇതു് ആരാണു് പറഞ്ഞുതന്നതു്? ഈ തരു-കൊടു വ്യാവർത്തനത്തിന്റെ വേര് ആദിദ്രാവിഡത്തോളം ചെല്ലും. തമിഴർക്കു് ഇതു് എന്നേ അന്യമായിക്കഴിഞ്ഞു. കൺപീലി പോകട്ടെ, മയിൽപ്പീലിയും തമിഴിൽ ഇല്ല. മയിൽചിറകും ഇറകുമാണ് തമിഴിൽ. പീലിപെയ് ചാകാടും അച്ചിറും എന്നു് തിരുക്കുറൽ
ദ്രാവിഡവർണങ്ങളുടെ ഉച്ചാരണത്തനിമ കാത്തുസൂക്ഷിച്ചിരിക്കുന്നതും മലയാളമാണ്. പദാദിയിൽ ഇന്നത്തെ തമിഴിൽ ച എന്നുച്ചരിക്കുന്നത് തെക്കൻതമിഴ്‌നാട്ടിലെ കീഴാളർ മാത്രമാണ്. മറ്റുള്ളവർക്ക് സൂട്ട്(ചൂട്ട്), സിന്തനൈ(ചിന്തന) എന്നൊക്കെയാണ്. ചൂട്ടും ചിന്തനയുമാണ് ദ്രാവിഡത്തനിമയിൽ ഉള്ളത്. മലയാളികൾക്ക് ചാറും ചോറും ചട്ടിയും ചീരയും ചിരിയും ചൂടും ഒക്കെയാണ്. ദ്രാവിഡം ആറ് അനുനാസികങ്ങളെ അംഗീകരിക്കുന്നു: ങ, ഞ, ണ, ന(ദന്ത്യം), ന(വർത്സ്യം), മ എന്നിവ. ന(ദന്ത്യം), ന(വർത്സ്യം) ഇവ തമ്മിലുള്ള വ്യാവർത്തനം കൃത്യമായി ഇന്നും ദീക്ഷിക്കുന്നത് മലയാളികളാണ്. ന, ന (ദന്ത്യാനുനാസികവും വർത്സ്യാനനാസികവും) ഇവ തമിഴിൽ വെവ്വേറെ ലിപിയുണ്ടെങ്കിലും ഉച്ചാരണത്തിൽ ഒന്നായിത്തീർന്നു. ആറ് ദ്രാവിഡാനുനാസികങ്ങളുടെ സ്ഥാനത്ത് ഏറി വന്നാൽ മൂന്നെണ്ണം വേർതിരിച്ച് കേൾക്കാനും കേൾപ്പിക്കാനും മാത്രമേ മിക്ക തമിഴർക്കും കഴിയൂ. മലയാളികളാവട്ടെ ഈ ആറും തമ്മിൽ കൃത്യമായി വ്യാവർത്തിപ്പിക്കാൻ പ്രയാസം അനുഭവിക്കുന്നില്ല. കുന്നിയും കന്നിയും തമ്മിലുള്ള അനുനാസികങ്ങളിലെ വ്യത്യാസം വെവ്വേറെ ലിപിയില്ലാതെയും മലയാളികൾ ദീക്ഷിക്കുന്നു. നാൻ എന്നതിലെ ആദ്യത്തേതും അവസാനത്തേതും വെവ്വേറെ ലിപിയുണ്ടായിട്ടും തമിഴർ ദീക്ഷിക്കുന്നുമില്ല. ദന്ത്യവും വർത്സ്യവുമായ ന-കൾ തമ്മിലെ വ്യത്യാസമെന്നതുപോലെ ര, റ വ്യത്യാസവും മിക്കവാറും തമിഴർ ദീക്ഷിക്കുന്നില്ല. ഇതേപോലെ ല, ള, ഴ വ്യത്യാസം ദീക്ഷിക്കുന്നവരും വളരെ വിരളമാണ്. ഈ വ്യത്യാസങ്ങളൊക്കെ ആദിദ്രാവിഡത്തിൽ ഉണ്ടായിരുന്നതും മലയാളം ഇന്നും മാറ്റമില്ലാതെ ദീക്ഷിക്കുന്നതുമാണ്. നിത്യസാധാരണഭാഷണത്തിൽ ധാരാളമായും ഔപചാരികസന്ദർഭത്തിൽ പരക്കെയും ഴ നിലനിറുത്തുന്നത് മലയാളികളാണ്. തമിഴ്‌നാട്ടിൽ പണ്ഡിതന്മാർക്കും ശ്രമിച്ചാലേ ഴ വഴങ്ങൂ. "തമിഴുക്ക് ഴ അഴകു" എന്നു പാടാൻ മലയാളിയെ അന്വേഷിക്കേണ്ട സ്ഥിതിയാണ്.
മലയാളത്തിന്റെ പരിണാമ ഘട്ടത്തെ മൂലദ്രാവിഡ(ആദിദ്രാവിഡ)കാലം (എ.ഡി 800 വരെ), പ്രാചീന മലയാള കാലം (എ.ഡി 800-1300), മധ്യ മലയാളകാലം (1300-1600), ആധുനിക മലയാളകാലം (1600 മുതൽ) എന്നിങ്ങനെ തരം തിരിക്കാൻ കഴിയും.
No comments:
Post a Comment