Translate

Saturday, May 04, 2013

മലയവിലാസം- A R RAJARAJA VARMMA


ഇരുണ്ടുനീണ്ടെന്തിതു ഹന്ത! നോക്കുവിൻ
കരണ്ടിടുന്നൂ കരപത്രമെന്നപോൽ‍
ഇടയ്ക്കിടെപ്പൊന്തിന ദന്തപങ്‌ക്തിയാ-‍
ലുടക്കി വാനാമൊരു ചെമ്പുപാളിയെ.

ജലേശ്വരൻ തന്നുടെ രാജധാനിയിൽ‍
ബലത്തിനായ് തീർത്തൊരു കോട്ടതാനിതോ?‍
അതിങ്കലിസ്സന്ധ്യയുമർക്കമൂർത്തിയാൽ‍
പതിച്ചിടുന്നോ പുതുതാഴികക്കുടം?‍

നിനച്ചിടുമ്പോൾ നിജനാട്ടിലെപ്പൊഴും‍
പൊഴിച്ചിടേണം മഴയെന്നൊരാശയാൽ‍
കരുത്തനാം ഭാർഗ്ഗവനന്നു ശേഖരി-‍
ച്ചെടുത്തു സൂക്ഷിച്ചൊരു മേഘമാലയോ?‍

അഹോ! മറന്നേൻ ബത! ദിഗ്ഭ്രമത്തിനാൽ‍
മഹാചലേന്ദ്രൻ മലയാദ്രിതാനിവൻ‍
കുലച്ചൊരേലക്കൊടിയിൽ കളിച്ചിതാ‍
കുതൂഹലത്തോടണയുന്നു മാരുതൻ.‍

കഥിക്കെടോ മാരുത പോത, മംഗളം‍
തുടർന്നിടുന്നോ മലയാളഭൂമിയിൽ?‍
അയപ്പതുണ്ടോ സമയത്തു നീ ഗുഹ-‍
യ്ക്കകത്തു സൂക്ഷിച്ചൊരു കൊണ്ടലിണ്ടയെ?

അനന്തനാട്ടിൽ പെരുമാൾക്കു സൗഖ്യമോ?‍
നടന്നിടുന്നോ വഴിപോലെ ധർമ്മവും?‍
സ്ഫുടം ഭവാൻ തത്ര ഗമിച്ചതില്ല കേ-‍
ളനാസ്ഥയല്ലെങ്കിലിതെന്നിലെങ്ങനെ?

ഉഴന്ന പാന്ഥപ്പരിഷയ്ക്കനർത്ഥദൻ‍
സദാലസൻ പാമ്പിനു സദ്യനൽകുവോൻ‍
സുഗുപ്തമേലം കവരുന്ന തസ്കരൻ‍
കവീശ്വരർക്കെങ്ങനെ ചെല്ലമായി നീ?

കുളുർത്ത നൽച്ചന്ദനവൃക്ഷശാഖയെ-‍
പ്പുണർന്നു ചേണാർന്നെഴുമേലവള്ളിയെ‍
വൃഥാ വെറും കുണ്ടണികൂട്ടി വേർപിരി-‍
ച്ചുലച്ചിടും നീയഭികോപകാരിയോ?

അഹോ സ്വദേശാഭിനിവേശമൂർച്ഛയാൽ‍
പുലമ്പിനേൻ തെന്നലിനോടുമിന്നു ഞാൻ‍
വെടിഞ്ഞിടാ മൂലമകന്നുപോകിലും‍
മനം വപുസ്സിൻ നിഴൽ‌പോലെയന്തിയിൽ.

കിഴക്കുനിന്നിമ്മലതന്നെയെന്നിയേ‍
നെടും പടിഞ്ഞാട്ടു മലർന്നതെന്തിന്?‍
നിറഞ്ഞ ചെന്താർമലർപോൽ ഭവിക്കിലും‍
കുഴന്തയാകാ കിഴവൻ ദിവാകരൻ.

നിനയ്ക്കിലീ നിൻ തലയെത്രയുന്നതം‍
ഞെളിഞ്ഞുപൊങ്ങീട്ടതു മേഘമാർഗ്ഗവും‍
കവിഞ്ഞു ലോകത്തിനൊരേകനേത്രമാം‍
ഖരാംശുതൻ യാത്രയുമങ്ങെതിർത്തിതെ.

കവച്ചുചാടിപ്പല വൻ‌നദീകുലം‍
കുതിച്ചുകേറീട്ടൊരു നൂറു കുന്നിലും‍
പറന്നുപോമപ്പുകവണ്ടികൂടി നിൻ‍
ശിരസ്സിലേറാതെ മടങ്ങിടുന്നിതാ.‍

കുനിച്ചിടുന്നെന്തിനു നീ കഥിക്കെടോ‍ ‍
ഗിരീന്ദ്ര, തെക്കോട്ടു തുടർന്നിടും മുടി?‍
കുമാരിഗേഹത്തിലെഴുന്നു വാഴുമ-‍
ക്കുമാരിയെക്കുമ്പിടുവാൻ തുനിഞ്ഞിതോ?‍

കുനിച്ചിടുന്നെന്തിനുയർന്ന മൗലിയെ‍ ‍
നിനച്ചിടാതിങ്ങു വരുംവരായ്കകൾ‍
പെരുത്ത പട്ടർപ്പടകേറി നമ്മളെ-‍
ത്തുരത്തുമാറായിതു കണ്ടതില്ലയോ?

അഹോ മഹാപാപമുരത്തുപോയി ഞാൻ‍
മഹാജനം മാപ്പുതരട്ടെ തൽക്ഷണം.‍
മഹീസുരന്മാർക്കപവാദമോതിയാൽ‍
സഹിക്കുമോ സാഹസവാക്കതീശ്വരൻ?

മനസ്സിലായ്പ്പോയി ഭവന്മനോഗതം‍
വയസ്യനാം വിന്ധ്യനു വന്ന ദുർഘടം‍
സ്മരിച്ചുടൻ സിന്ധുനുകർന്ന മാമുനി-‍
പ്രധാനിതൻ ശിഷ്യകളോടിണങ്ങി നീ.

വലത്തുവാക്കംബരരത്നമിങ്ങു നാ-‍
മിടത്തുവാക്കേ പരദേശി സോമനും‍
ഉടുത്തിടും, പിന്നതുപോലെ ചൂഡയും‍
നമുക്കു മുൻപെങ്കിലവന്നു പിൻപിലാം.

വിരുദ്ധമിക്കേരള പാണ്ഡ്യഭൂക്കളിൽ‍
പരക്കെയാചാരമിവണ്ണമെങ്കിലും‍
അഹോ വിചിത്രം! മലയൂഴിയാഴിയെ-‍
ന്നിതൊക്കെയുംകൂടി മറിച്ചുവേണമോ?

കുതിച്ചുപായും കടുവാക്കീടാങ്ങളും‍
മദിച്ചുമണ്ടും കളഭപ്രവീരരും‍
കലിച്ചുവാഴുന്നൊരു കാനനങ്ങളാ-‍
ലസഹ്യനാം നീ ബത! സഹ്യനാണുപോൽ.

തരംകിടച്ചാൽ പരഹിംസചെയ്യുമ-‍
ത്തരക്ഷുവിന്നും മറവന്നുമൊന്നുപോൽ‍
ഇടം വസിപ്പാൻ നെടുനീളെയങ്ങു നീ‍
കൊടുപ്പതയ്യോ ബത! കഷ്ടമെത്രയും.

അല്ലെങ്കിലായതിലുമില്ലൊരു ദോഷമോർത്താ-‍
ലത്യന്തമുന്നതതരസ്ഥിതിയുള്ളവർക്ൿ
തൻപാദമൂലമൊരുവൻ ശരണംഗമിച്ചാൽ‍
കൈക്കൊണ്ടുകാത്തരുളിടേണ്ടതു കൃത്യമല്ലോ.

(അത്രയുമല്ല)‍
ബംബാപുരംതൊട്ടിഹ കന്യയോള-‍
മമ്പോ! ഭവാൻ നീണ്ടുയരാതിരുന്നാൽ‍
മിണ്ടാതെ മൈസൂർക്കടുവായിതൊക്കെ-‍
പ്പണ്ടേ പെരും‌പ്രാതലിനാക്കിയേനേ.

കീഴിലൂഴിവഴിയെപ്പൊഴും പുഴകളാഴിയോളമഥ ചാണ്ടിയും‍
മേലിലിങ്ങു മുകിൽമാലമൂലമുഴലുമ്പൊഴൊക്കെ മഴ ചിന്തിയും‍
കാത്തുകൊണ്ടിവിടെ നീയൊരുത്തനിതുമാതിരിക്കു മരുവായ്കിലോ‍
കിട്ടുകില്ല ജലപാനമക്ഷിതിയി,ലഷ്ടിപോലുമഥ കഷ്ടിയാം.‍

ഗോവർദ്ധനാദ്രിയെയെടുത്തുപിടിച്ചു കൃഷ്ണൻ‍
ഗോഗോപരെസ്വയമൊരേഴു ദിനം തുണച്ചാൻ‍
ഇന്നാട്ടിൽ നാട്ടി മലയാദ്രിയെയന്നു രാമ-‍
നെന്നേയ്ക്കുമിങ്ങിടവിടാതെ തുണച്ചിടുന്നു.

സദ്വസ്തുമുന്നിലിരുവാക്കഥ കാളിദാസ-‍
സേവാബലം പിറകിലിഷ്ടസുഹൃദ്വചസ്സും
ഒന്നിച്ചുചേർന്നു പിടികൂടിയിവണ്ണമെല്ലാം‍
ചൊല്ലിച്ചതിന്നിവനൊരുത്തരവാദിയല്ലേ!

No comments:

Post a Comment