Translate

Sunday, September 22, 2013

മാമ്പഴം (കവിത)-വൈലോപ്പിള്ളി

വൈലോപ്പിള്ളി ശ്രീധരമേനോൻ 1936-ൽ എഴുതിയ കവിതയാണ് മാമ്പഴം. വൈലോപ്പിള്ളിക്കവിതകളിൽ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് മാമ്പഴം. ഒരമ്മ മാമ്പഴക്കാലമാകുമ്പോൾ തന്റെ മരിച്ചുപോയ മകനെക്കുറിച്ച് ഓർക്കുന്നതാണ് ഇതിലെ പ്രതിപാദ്യം. കേകാവൃത്തത്തിൽ ഇരുപത്തിനാല് ഈരടികൾ അടങ്ങുന്ന ഈ കവിത ആദ്യം പ്രസിദ്ധീകരിച്ചത്, 1936-ലെ മാതൃഭൂമി ഓണപ്പതിപ്പിലാണ്. ആറു വർഷം മുൻപ് 1930-ൽ, നാലര വയസ്സുള്ളപ്പോൾ മരിച്ച ഒരനുജന്റെ ഓർമ്മ കവിതയ്ക്കു പിന്നിലുണ്ടെന്ന് കവി വെളിപ്പെടുത്തിയിട്ടുണ്ട്.പിന്നീട് 1947-ൽ ഇറങ്ങിയ ‘‘കന്നിക്കൊയ്ത്ത്‘’ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തി. മലയാളകവിതയുടെ നവോത്ഥാനപ്രതീകമായി ഈ കവിതയെ മാരാർ വാഴ്ത്തിയിട്ടുണ്ട്. മാരാരുടെയും എം.എൻ. വിജയന്റെയും മാമ്പഴം നിരൂപണങ്ങൾ പ്രശസ്തമാണ്. 


വീട്ടുമുറ്റത്തെ തൈമാവിൽ നിന്ന് ആദ്യത്തെ മാമ്പഴം വീഴുന്നതു കാണുന്ന അമ്മ നാലുമാസം മുമ്പ് ആ മാവ് പൂത്തുതുടങ്ങിയപ്പോൾ തന്റെ മകൻ ഒരു പൂങ്കുല പൊട്ടിച്ചെടുത്തതും താൻ ശകാരിച്ചതും ഓർക്കുന്നു. "മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൻ, പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ" എന്ന അമ്മയുടെ ശകാരം കുഞ്ഞിനെ സങ്കടപ്പെടുത്തുകയും കളങ്കമേശാത്ത അവന്റെ കണ്ണിനെ കണ്ണുനീർത്തടാകമാക്കുകയും ചെയ്തിരുന്നു. മാങ്കനി പെറുക്കുവാൻ താൻ വരുന്നില്ലെന്ന് പറഞ്ഞ് പൂങ്കുല വെറും മണ്ണിൽ എറിഞ്ഞു കളഞ്ഞ കുട്ടി, മാമ്പഴക്കാലത്തിനു മുൻപേ മരിച്ചുപോയി. കവി ഇതേക്കുറിച്ചു നടത്തുന്ന നിരീക്ഷണം പ്രസിദ്ധമാണ്‌:-
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തൈമാവിനടുത്തു തന്നെയായിരുന്നു കുഞ്ഞിന്റെ കൊച്ചുശരീരം മറചെയ്തിരുന്നതും. മാവിൽ നിന്നു വീണ ദുരിതഫലം പോലുള്ള ആ മാമ്പഴം, അമ്മ മകന്റെ സംസ്കാരസ്ഥാനത്തിനു മേലുള്ള മണ്ണിൽ വച്ച് പറയുന്നു:
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ.
വരിക കണ്ണാൽ കാണാൻ വയ്യാത്തൊരെൻ കണ്ണനേ
തരസാ നുകർന്നാലും തായതൻ നൈവേദ്യം നീ.
ഈ അനുനയവാക്കുകൾ കേട്ട് കുട്ടിയുടെ പ്രാണൻ ഒരു ചെറിയ കുളിർകാറ്റായി വന്ന് അമ്മയെ പുണർന്ന് അവരുടെ നൈവേദ്യം സ്വീകരിക്കുന്നതായി കല്പിക്കുന്നതോടെ കവിത സമാപിക്കുന്നു.
മുലകുടി മാറുന്ന അവസരത്തിൽ കുട്ടികൾക്ക് അമ്മയുമായുള്ള ബന്ധത്തിൽ ഉണ്ടാവുന്ന പ്രതിസന്ധിയുമായി ബന്ധപ്പെടുത്തി ഈ കൃതിയെ മനശ്ശാസ്ത്രപരമായി അപഗ്രഥിക്കുന്ന സാഹിത്യചിന്തകൻ എം.എൻ. വിജയന്റെ പഠനം പ്രസിദ്ധമാണ്‌. മുലകുടി നഷ്ടപ്പെടുമെന്ന ചിന്ത കുഞ്ഞിന്റെ സർ‌വപ്രധാനമയ ഉൽക്കണ്ഠയും ജീവന്മരണപ്രശ്നവും ആയിത്തീരുന്നുവെന്നു വിജയൻ പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, "രണ്ടാമത്തെയോ മൂന്നാമത്തെയോ വയസ്സിൽ ഈ ഉൽക്കണ്ഠ പുതിയ രൂപങ്ങൾ കൈക്കൊള്ളുന്നു. കുഞ്ഞ് അമ്മയോട് കൂടുതൽ കൂടുതൽ ഒട്ടിച്ചേരുകയും വിടുവൈക്കാൻ ശ്രമിക്കവെ കുതറുകയും ചെയ്യുന്നു. തന്നിൽ നിന്ന് ബലാൽ മറച്ചുവെയ്ക്കപ്പെടുന്ന, തേടിച്ചെല്ലുമ്പോൾ ശകാരപ്രഹരങ്ങൾ കൊണ്ട് മറുപടി കൊടുക്കുന്ന വസ്തു അവൻ അപരിചിതവും കഠിനവുമായ വേദനകൾക്ക് ഊണാക്കുന്നു. പിണങ്ങിയും തായയെയും തന്നെയും പീഡിപ്പിച്ചും ആത്മഹത്യ ചൂണ്ടി ഭീഷണിപ്പെടുത്തിയും നഷ്ടഭീതിയിൽ നിന്ന് അവൻ രക്ഷപെടാൻ ശ്രമിക്കുന്നു. വാസ്തവത്തിൽ ജയിച്ചാലും തോറ്റാലും, ഭാവനയിൽ അവൻ എന്നും ജയിക്കുകയേയുള്ളൂ. ഇങ്ങനെ ഭാവനയിൽ ജയിച്ച ബാലനത്രേ 'മാമ്പഴ'-ത്തിലെ നായകൻ".
വൈലോപ്പിള്ളിക്കവിതയിലെ ഗന്ധബിംബങ്ങളെയും അതിനുപിന്നിലെ കോപ്രോഫിലിൿ ചിത്തവൃത്തിയെയും വിവരിക്കുന്ന സന്ദർഭത്തിൽ മാമ്പഴത്തിലെ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികസ്വർണ്ണമായ്ത്തീരും മുമ്പേ
എന്ന വരി എം.എൻ. വിജയൻ ഉദാഹരിക്കുന്നുണ്ട്. ഇതിലെ 'സുഗന്ധമുള്ള സ്വർണ്ണം' എന്ന ബിംബം ഒരു കോപ്രോഫിലിൿ ഭാവനയാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു.
പുത്തൻ അറിവുകൾക്കായി സന്ദർശിക്കുക:  EDUCATION ബ്ലോഗ് 

No comments:

Post a Comment